അരുത്....
ഇത്രമേൽ
സമയമില്ലാത്തവരും
അത്രമേൽ
തിരക്കുള്ളവരും
ഇത്തിരിയോളം
ക്ഷമയില്ലാത്തവരും
ഒരിക്കലുമെന്നെ
വായിക്കുവാൻ
ശ്രേമിക്കരുത്
എന്തെന്നാൽ,
അത്രവേഗം
വായിച്ചുതീർക്കാനോ
മനസ്സിലാക്കുവാനോ
കഴിയൂന്നൊരു
ഒറ്റവരികവിതയല്ല
ഞാൻ..!
സമകാലിക ജീവിതം
ഇടിവാൾ പോലെന്നെ
നെടുകെ പിളർക്കുമ്പോൾ,
പ്രണയമേ!നീയല്ലാതെ
എനിക്ക്
മറ്റെന്താണഭയം!
അനർഘ സങ്കൽപമായി നീ മാറുമെന്നോർത്തില്ല,
അനന്തതയിലേക്ക് നീ
മാഞ്ഞു പോകുമെന്നുമോർത്തതില്ല ....
ചിലപ്പോൾ സ്വപ്നങ്ങളിൽ...
മറ്റു ചിലപ്പോൾ ഓർമകളിൽ ....
നീ എന്തിനാവാം കടന്നു വരുന്നത്!
കാലത്തിൻ വൻ കടൽ തുഴഞ്ഞ്
ഞാനും ,
തിരകളെ തോണിയാക്കി നീയും അണഞ്ഞപ്പോൾ,
ചുടു രക്തം നമുക്കുള്ളിൽ പതഞ്ഞു...!
പ്രാണൻ്റെ മെഴുകുതിരി നാളമണയും വരെ
പ്രണയത്തിൻ പ്രകാശമേകിടാം.
ഏകാന്ത രാവുകൾ നിർനിദ്രമാകവേ,
പ്രേമസ്വരൂപിണി നീ അകലത്തിരിക്കവേ,
തിരകളും കേട്ടില്ല, താരവും കേട്ടില്ല
ആത്മാവിൻ തേങ്ങലും രോദനവും.
ആത്മാക്കളുരഞ്ഞുണ്ടായ അഗ്നിയിൽ നമ്മുടെ ദുഃഖങ്ങളെല്ലാം പുകഞ്ഞു തീർന്നു.
നമ്മുടെ സമാഗമം
മൗനത്തിലൂടെ ആയിരിക്കും
ആഘോഷിക്കപ്പെടുക..
ഊഷ്മളമായ, താഴ്‌വരകൾ
അതിന് സാക്ഷിയാവും.
നിൻ സവിധത്തിലേക്കണയുമ്പോഴൊക്കെ
ഏതോ കുളിർ ജലത്തിൽ
മുങ്ങിക്കിടക്കും പോൽ!
മന്ദ്ര മധുരമാം നിൻ
പ്രണയമതൊന്നു മതി,
വിതുമ്പുമെൻ .വീണയ്ക്ക്
ഗാനം ചെയ് വാൻ.
പൊൻനാളമായ് നിന്നോർമകളെ -
ന്നാത്മാവിൽ പുളച്ചീടവേ,
ഒഴിഞ്ഞു പോകയോ,
എൻ ചിദാകാശത്തിങ്കൽ
കരിങ്കാറുകൾ...
നിന്നരികിൽ അണയുമ്പോഴാണ്
സ്വഗൃഹത്തിലെത്തിയ പോൽ,
ആത്മാവിൽ ഞാൻ പ്രശാന്തി -
യെന്തെന്ന് അറിയുക.
സൂര്യകിരണങ്ങൾ നമ്മെ
ധ്യാനത്തിന്റെ മൂർച്ഛയിലേക്ക്
ആനയിച്ചു.
കാലമില്ല..മനസ്സില്ല..
മൗനത്തിന്റെ ആനന്ദം...
പ്രണയത്തിന്റെ ആഘോഷം....
...ശാശ്വതമായ ശാന്തി...
ഇടിമിന്നൽ പോലുള്ള
നിൻ മന്ദഹാസം
പേമാരി പോലുള്ള നിൻ പ്രണയം . ...
ജനിമൃതികളുടെ
യാതനയും ദുഃഖങ്ങളും
ഏതോ ഇരുളിലേക്കൊഴുകിപ്പോയി....
പ്രണയം അതൊരിക്കലും നഷ്ടപ്പെടുന്നില്ല... അത് നിന്നിലേക്ക് തന്നെ പെയ്തു നിറയും...