ഞാൻ ആരാണെന്നോ??
ഈയുള്ളവനും അത് തന്നെയാണ് തിരയുന്നത്..
അമ്മയുടെയും അച്ഛന്റെയും ഊർജത്തിൽ നിന്നും കടം കൊണ്ട ശരീരവും,
ചുറ്റുമുള്ളവർ ചാർത്തി തന്ന നാമവും പേറി,
തിരയുകയാണിപ്പോഴും..
മനസിലെ അപൂർണതാ ബോധത്തിൽ നിന്നും ജനിച്ചു
പുറത്തേക്കു നീളുന്ന കാമ മോഹങ്ങളുമായി
സ്വയം മറന്നു ആവേശത്തോടെ,
അവസാനമില്ലാതെ തുടരുന്ന തിരച്ചിൽ..
പുറമേക്ക് വലിച്ചു കൊണ്ട് പോകുന്ന തൃഷ്ണകളിൽ നിന്നും മോചനം നേടി തിരിഞ്ഞു നടന്നു,
ഉള്ളിലെ മേച്ചില്പുറങ്ങളിൽ ഉയരുന്ന വേണുഗാനത്തിന്റെ സൗമ്യ സാന്നിധ്യത്തിലേക്കു നടന്നടുത്തു,
സ്വരൂപത്തിന്റെ നിർമല ശീതളിമയിലേക്കു മുങാംകുഴിയിട്ടു
ഞാൻ എന്ന വിശ്വരൂപത്തെ ദർശിക്കുവാനുള്ള തിരച്ചിൽ..
കാണും ഒരു നാൾ, എന്നിലെ രൂപ നാമങ്ങൾക്കു പിന്നിൽ മറഞ്ഞിരിക്കുന്ന ഞാനിനെ..
കള്ളചിരിയും വേണുഗാനവുമായി ആരെയും ആകർഷിച്ചു …
പൂർണതയിൽ പരിലസിക്കുന്ന ഞാനിനെ..
അന്നൊരു പക്ഷെ ഞാൻ പറയുക നീയാണ് ഞാൻ എന്നായിരിക്കാം..