മക്കത്തെ മത്തൻകുരു
*************************
അണഞ്ഞനാൾ പത്തുമാസം കഴിഞ്ഞവൻ കൊടുത്തയ-
ച്ചരുമ മക്കൾക്കായ് ചില ഉപകരണം
തുണികളുണ്ടതിൽ മിന്നും വള മാല കളിക്കോപ്പും
തണിയവൾക്കുടുക്കുവാനൊരുസാരിയും
കണക്കില്ലാതൊരുപാടുപലഹാരം വാങ്ങി, കൂടെ
കണിവെള്ളരിക്കുരുപോലൊരു സാധനം
കിടച്ചതുതുറന്നവർ അടിപിടികൂടി വീതി-
ച്ചെടുത്തപ്പോൾ ലഭിച്ചുമ്മാക്കരുമക്കുരു
കൊടുത്തയച്ചല്ലോ മകൻ മക്കത്തെ മത്തൻകുരു
എടുത്തതുകാട്ടി വീമ്പുപറഞ്ഞാളുമ്മ
പുണ്യമണ്ണിൽ തലകിലുക്കടി പിഴിഞ്ഞിട്ടു-
വെണ്ണചേർത്തുസേവിക്കുകിൽ വണ്ണവും പോകും
കണ്ണുദീനമായാലല്പം തണ്ടൊടിച്ചുനീരെടുത്തു
കണ്ണിലൊഴിച്ചെന്നാൽ ദീനം പമ്പകടക്കും
മണ്ണുഴുതുനീളം നോക്കി തടംവെട്ടി കൂനകൂട്ടി
തണ്ണിയൂറ്റി കുരുപാകി വളവുമിട്ടു
കോഴിവന്നുചികഞ്ഞുതിന്നാതിരിപ്പാൻ വേലികെട്ടി
കണ്ണുകിട്ടാതിരിപ്പാനായ് കോലവും വെച്ചു
ഊനുവലി മറന്നവർ ഊണുറക്കം പോലുമില്ലാ-
തൂടുവഴി താണ്ടിത്തണ്ണീരൊഴിച്ചു പോറ്റി
വാരമൊന്നു കഴിഞ്ഞപ്പോൾ വാരം കോരിയടുപ്പിച്ചു
ചാരമിട്ടു നോക്കിക്കുരു കുരുത്തില്ലിന്നും
കുരുക്കാത്തതാണീക്കുരു കുരുത്തം കെട്ടവനേപ്പോൽ
കൊടുത്തയച്ചോരക്കരം കുരുത്തതല്ലേ
ഇരുത്തംവന്നൊന്നുപ്രാകി വരുത്തമോർത്തൊന്നുതേങ്ങി
ഇരുന്നെന്തോ പിച്ചും പേയും പറഞ്ഞുപിന്നെ
വിളിവന്നു റിയാദീന്നു മകനുണ്ടാ തലയ്ക്കലായ്
കിളവിയാ മകനെയൊന്നുപദേശിച്ചു
കബളിപ്പിച്ചവർ നിന്നെ കിളിർത്തില്ലാ മത്തൻകുരു
തെളിനീരുകോരിമോനേ നടുവൊടിഞ്ഞു
കുരുവേതാണെനിക്കുമ്മാ പിടുത്തമില്ലിതേ വരെ
കൊടുത്തയച്ചൊരക്കുരു വറുത്തതല്ലേ
കൊലച്ചതി പിണഞ്ഞതോർത്തിടിവാളു മിന്നൽ വെട്ടി
കുഴഞ്ഞിരുന്നുമ്മാ പെറ്റവയറുപൊത്തി