ആമ്പൽച്ചിരി
അംബുജൻ നെടുമ്പന
........................................
വയലരുവിലാണ്
ചെറിയൊരുലോറി മണ്ണിട്ടത്
കുറച്ചുനാൾ കഴിഞ്ഞ്
ഒരു വേലക്കാരനെ വെച്ച്
മണ്ണ് മൊത്തോം
വയലിലേക്ക്
നിരത്തിയിടുവിച്ചു
പിന്നേം കൊണ്ടിട്ടു
ചെറിയൊരുലോറി മണ്ണ്
രണ്ട് വേലക്കാരെ വച്ച്
നല്ലോണം നിരത്തിയിട്ട്
മഴ പെയ്തു
പുല്ല് കുളിർത്തു,
വളർന്നു
പഴേ രണ്ട് വേലക്കാർ വന്ന്
പുല്ല് ചെത്തി വൃത്തിയാക്കി
നാല്മൂട്
കപ്പവെക്കാനും
രണ്ട് വാഴവെക്കാനും
സ്ഥലമായി
കപ്പേം വെച്ച്
വാഴേം നട്ടു
ആരോ കപ്പകൾ
ചവിട്ടിത്തേച്ചപോലെ
വാഴ രണ്ടും
ചാഞ്ഞ് നിൽക്കുന്നു
കൃഷി നശിപ്പിച്ചതിന്
കേസ്സായി
ഗ്ലാസും മദ്യക്കുപ്പിയും
പ്ലാസ്റ്റിക്ക് കവറുകളും
കൃഷി നശിപ്പിച്ചോരെ
പിടിക്കാൻ എളുപ്പമായി
അവർ സാമൂഹ്യ
വിരുദ്ധരത്രെ !
പിന്നെവന്നത്
വലിയ
രണ്ടു ലോറി മണ്ണാണ്
അതും കിടന്ന് പുല്ല്
കിളിർത്തു
ഇത്തവണ
നാല് വേലക്കാർവന്ന്
പുല്ല് ചെത്തു തുടങ്ങി ,
അന്നേരം നാല് ലോറി
മണ്ണാകൊണ്ടിട്ടത്
അന്നും
അതിന്റെ പിറ്റേന്നും
തുരുതുരേ
മണ്ണ് ലോറികൾ
പിന്നേം മഴപെയ്തു
പണിക്കാരെല്ലാം പോയി
മഴക്കാലം തുടങ്ങിയതാ
മഴ മാറി
മാനം തെളിഞ്ഞു
പുല്ല് ചെത്തി
മണ്ണ് നിരത്തി
റബ്ബർ നടാൻ സ്ഥലമായി
റബ്ബർ നട്ടു
അത് വളർന്നു
കാറ്റായി
നല്ല തണലുമായി
തണല് നോക്കി
പശൂനേം
ആടിനേം കെട്ടുന്നോരായി,
കന്നാലിയെ കെട്ടാൻ
ആർക്കും
കുറ്റിവേണ്ടെന്നായി
അങ്ങനെ
റബ്ബർതോട്ടത്തിൽ
അഴിച്ചോ
അഴിക്കാതെയോ
സാമൂഹ്യവിരുദ്ധർ
ആടിത്തുടങ്ങി
ഇത്തവണ കേസിനും
പുകിലിനും പോയില്ല
റബ്ബർ മൊത്തോംവെട്ടി
കട്ടച്ചൂളക്കാർക്ക് കൊടുത്തു
ഷോപ്പിംഗ്
കോംപ്ലക്സ് ഉയരാൻ
പിന്നൊട്ടും വൈകിയില്ല
പോലീസുകാര്
സാമൂഹ്യവിരുദ്ധർ
പഴേ വേലക്കാര്
ലോറികൾ
എല്ലാം
ഇവിടൊക്കെത്തന്നെയുണ്ട്
മുതലാളിക്ക്
ആമ്പൽച്ചിരി.
- അംബുജൻ നെടുമ്പന -