ഓരോതുള്ളിക്കവിത
(1) മരണപ്പെട്ടവൻ്റെ ഒന്നാമത്തെ വേദന
മരണപ്പെട്ടവൻ്റെ
ഒന്നാമത്തെ വേദന
പുറത്തുവച്ച റീത്തുകളായിരുന്നു.
എന്തിനെന്നോ
ഏതിനെന്നോ
അറിയാതെ....
ദരിദ്രന് ദാനം കിട്ടിയ
പട്ടുടുപ്പ് പോലെ
പാകമാകാതെ..
മനസാക്ഷിക്കുത്തിനാലും
ലജ്ജാഭാരത്താലും
ചിതയെത്തുംവരെ
കണ്ണുതുറക്കുകയോ
തലയുയർത്തുകയോ
ചെയ്തതേയില്ല പരേതൻ
(2) റീയൂണിയൻ
നോക്കിയാലും
കണ്ടേയ്ക്കില്ലന്ന് തോന്നി
കണ്ടാലും അറിഞ്ഞേയ്ക്കില്ലന്ന്
അറിഞ്ഞാലും മിണ്ടിയേയ്ക്കില്ലന്ന്
മിണ്ടിയാലും
മിണ്ടാൻവേണ്ടിയെന്തെങ്കിലും......
കണ്ടപ്പോൾ
കൈപിടിച്ച് ചോദിയ്ക്കുന്നു
"ഓർമ്മയില്ലേ?
നമ്മൾ ഒരു ക്ലാസ്സിലായിരുന്നു "
(3) തോറ്റുപോയ കുട്ടി
തോറ്റുപോയ കുട്ടി
പഠിക്കാൻവിട്ടുപോയ
ആദ്യപാഠം അവളായിരുന്നു.
ഹൃദയം വരുന്നിടത്ത് കൈയ്യമർത്തി
"ഇവിടെ നീ മാത്രമേയുള്ളു"
എന്നു പച്ചക്കള്ളം പറഞ്ഞ അവളെ
( 4 ) അവസാനബലി
എത്താതിരുന്ന അപ്പൂപ്പൻ
അവസാനബലിയ്ക്കെത്തി
ഒരൊറ്റ വറ്റും കൊത്തിയില്ല
ബലിയിട്ടവരുടേയും
കൈകൊട്ടിവിളിച്ചവരുടേയും
തലയ്ക്കിട്ട് കിഴുക്കി
തിരിച്ചുപോയി....
(5) മറുപടി
അയാളുടെ എണ്ണമറ്റ
ഊഷ്മളമായ
അതിദീർഘ ചുംബനങ്ങൾക്ക്
ഒരൊറ്റ മറുപടിയും
അവൾകൊടുത്തിരുന്നതേയില്ല
പലകാലങ്ങൾക്ക് ശേഷം
പെരുവിരലുകൾ കൂട്ടിക്കെട്ടിയ
അയാളുടെ പാദങ്ങളിലേയ്ക്ക്
അവളതിന് ശ്രമിച്ചെങ്കിലും
അയാളുടെ തലയ്ക്കൽ
കത്തിനിന്ന നിലവിളക്ക്
കണ്ണടച്ചു കൊടുക്കാൻ
കൂട്ടാക്കിയതേയില്ല
jayesh