.
.കുന്നിറങ്ങിനടക്കാനൊരുങ്ങുന്ന ചോന്ന കാടുകൾ
ഇപ്പ വരാമെന്ന്
പറഞ്ഞ്
ആ വളവിനപ്പുറം
അവൾ
കാടു കയറി.
ഇരുളും പാറ മറവിൽ
ഒരു മദയാനയുടെ ചിഹ്നം വിളി.
അവളോ ...
ഞാനോ.. ?
രതി കാട്ടുഞാവൽക്കായ്കൾ
ചുണ്ടിലുററിക്കുന്നു
പൊന്തകൾക്കുള്ളിൽ മറയുന്നു.
കാട്ടു പൂവൊന്നുണ്ടു ള്ളിൽ
ചോന്ന് ചോര ചാറിച്ചുവക്കുന്നെന്ന വൾ
കാടു കാട്ടുന്നു.
വെയിൽ വന്നു
ചിരിച്ചു
കുഴഞ്ഞു .
മഴ വന്നു
ചിണുങ്ങി
പിണങ്ങി.
വൈകല്ലേ
വൈകല്ലേ പെണ്ണേ
കാത്തിരുന്നു
മുഷിയുന്നുണ്ടുച്ച
കാടിനുള്ളിൽ
വഴുക്കലുളളവഴി
ക്ഷണിക്കാതെ വന്ന
വിശന്ന കാറ്റ്
കാട്ടുപൊന്തയിൽ
മുണ്ടു പൊക്കി
ചൂളമടിക്കുന്നു.
വിഷം തീണ്ടിയ വേരുകൾ
വരിഞ്ഞു മുറുക്കുന്നു.
കാട്ടിൽ മറഞ്ഞപെണ്ണേ
ഒച്ച പൊട്ടിയ
നോട്ടമായാരോ
ഉള്ളുലയ്ക്കുന്നു.
കാത്തിരുന്നു
കലുങ്കിൽ ,
വേച്ചു പോകുന്നു
വെയിൽ, .
ഉയിരേ ..
കുന്നിറങ്ങി
പുഴ കടന്ന്
ഒടുവിലത്തെ
തുടിയിറങ്ങിയവള്
വരുന്നേരം
കാട്
ചോന്ന് ചോന്ന്
ചോർന്നൊലിക്കണല്ലോ
ദെയിവങ്ങളേ .....
റീന വി
പെൺ ഭൂപടം
അച്ഛനുറങ്ങിപ്പോയ വഴികളിൽ
കുറ്റാകുറ്റിരുട്ടായതു കൊണ്ടാണമ്മ
ചൂട്ടുപിടിച്ച്
മുമ്പേനടന്നത്.
അല്ലായിരുന്നേൽ
കൊടുവാള് കാർത്ത്യായനീന്ന്
അമ്മച്ചിക്കെങ്ങനെ
പേര് പതിഞ്ഞു കിട്ടാനാണ്.
കുടികിടപ്പു കിട്ടിയ
പത്ത് സെന്റിൽ
അമ്മച്ചിയെ പുലയാട്ട് പറഞ്ഞ് പറഞ്ഞ്
കള്ളടിച്ച്
കരളു പോയാണപ്പൻ
ഉറങ്ങിപ്പോയത്.
ചെത്തം കെട്ട
നട്ടപ്പാതിരയ്ക്ക്
അപ്പന്റെ പ്രായമുള്ളവന്റെ
ആർത്തി മൂത്ത
അണ്ണാക്കിലേക്ക്
കട്ടപ്പാര കുത്തിയിറക്കിയത്
കൊണ്ടാണമ്മച്ചി
കട്ടപ്പാര ജാനകി യായത്.
വേലിക്കലെറിഞ്ഞു പോയ
ഔസേപ്പ് മുതലാളീടെ
തിണ്ണനെരങ്ങി
കണ്ടമ്പൂച്ചകളെ
വാക്കത്തിയെറിഞ്ഞ്
കാലൊടിച്ചേപ്പിന്നെയാണ്
അമ്മച്ചി വാക്കത്തി സരളയായത്.
ഒരുമ്പെട്ടോളെന്നും
തല തെറിച്ചവളെന്നും
ഇടക്കിടെ ഞങ്ങളെട്ടണ്ണത്തിനേം
അമ്മച്ചി പുന്നാരിച്ചു
വഷളാക്കി.
പകരം
പ്രണയം മുടക്കിത്തള്ളയെന്നും
ലൂസ് മാധവിയെന്നും
നാട്ടാര് കേൾക്കാതെ
ഞങ്ങളമ്മച്ചിയെ
ജീവനോടെ
ഉള്ളിലിട്ട് വിഴുങ്ങിയിരുന്നു. ,
ഞങ്ങടെ വീട്ടിലെ
വിശപ്പിന്
വാട്ടുകപ്പ
എന്ന പേരുള്ളത്
കൊണ്ട് മാത്രമാണ്
കണ്ടവന്റെ പറമ്പിലെ
മഞ്ഞ കദളിപ്പഴത്തെ
അമ്മച്ചിത്തെണ്ടിയെന്ന്
ഉള്ളാലെയോ മനിച്ചത്.
എട്ടിലിളയതിന്
കൂട്ടു പോയ
ആങ്ങള ചെക്കൻ രസം നോക്കി
കുണ്ടൂർക്കാട്ടിലെ
പന്നി മടയിൽ
വലിച്ചെറിഞ്ഞപ്പഴാണ്
അമ്മച്ചി ഒര് പോക്കങ്ങ് മിണ്ടാതെ
പോയ്ക്കളഞ്ഞത്.
അനങ്ങാപ്പാറയമ്മച്ചിക്ക്
ഒരാണ്ടു തികയുന്നതിനു മുമ്പേയാണ്
മൂർച്ചയും മുനയുമുള്ള അഞ്ചാറു പേരുകൾ
ഞങ്ങളേ ഴെണ്ണത്തിന്റെ പെരയന്വേഷിച്ചു വന്നത്.
കമാന്നൊരക്ഷരം
മിണ്ടാതമ്മച്ചി
മണ്ണുകൂനയിൽ
നിവർന്നു കിടക്കുമ്പഴാണ്
ഞങ്ങളേഴും ......
റീന വി
.