+965 97102557
ഗഗനമിരുളുമ്പോൾ
---------------------
ഒരിരുളാർന്ന സായാഹ്നം,
ആകാശം കാർമേഘപൂരിതം.
രണ്ട് മാമ്പൂ കണ്ണ് മിഴിച്ചത്,
കരിയിക്കുമല്ലോ ഈ ദുഷിച്ച -
കാലാവസ്ഥ, അമ്മയുടെ
മനോധർമ്മ പിറുപിറുപ്പ്.
പാടത്ത് നട്ട ഞാറിനെക്കുറിച്ചുള്ള
ആകുലതയിലാണച്ഛൻ,
ആറുമണിക്ക് നൃത്തം പഠിക്കാൻ
പോവേണ്ട വേവലാതിയിൽ
മാനം നോക്കി നെറ്റി ചുളിക്കുന്ന
ചേച്ചിയുടെ വദനത്തിൽ,
നവരസങ്ങളിൽ ആറാമത്തേത്,
ചുട്ടികുത്തി തിമിർത്താടുന്നുണ്ട്.
കരിയിലകൾ കാറ്റിനോട് മല്ലിട്ട്,
ഒടുവിൽ തോൽവി സമ്മതിച്ച്,
ധരണിമാറിലേക്ക് അടർന്നുവീഴുന്നു.
ഹൃദയം പിളരുമാറൊച്ചയിൽ,
മിന്നൽപ്പിണരിന്റെ താണ്ഡവം.
കിളികൾ കലപിലാരവമാർന്ന്,
കൂടണയുന്ന ചിറകടിയൊച്ചകൾ.
തന്നന്തേവാസികളുടെ
നനഞ്ഞുകുതിർക്കലോർത്താവാം,
കറുത്തിരുണ്ട മാനം നോക്കി
പല്ലിളിച്ചു കാണിക്കുന്നുണ്ട്,
ശിരസ്സിൽ മുറിവേറ്റ് ദ്വാരംവീണ,
ദ്രവിച്ച പനംപട്ടത്തൊപ്പി ധരിച്ച
വയറൊട്ടിയ ദാരിദ്ര്യക്കൂരകൾ.
ജന്മസിദ്ധമായ കണ്ഠദ്വാരം,
വാനത്തിനഭിമുഖംവെച്ച്,
പാടവരമ്പിൽ ധ്യാനത്തിലിരിപ്പാണ്,
ജലപാനം കൊതിച്ചൊരു വേഴാമ്പൽ.
ഒരു കുന്നിൻ മുകളിലെ
കരിമ്പാറയ്ക്ക് നെറുകിൽ,
നൃത്തം ചവിട്ടുന്ന കേകിക്കുസമം,
എൻ ഹൃദയവും തുടിക്കുന്നു.
ഒരു സംഗീത സാന്ദ്രമാം,
മാരിപെയ്തവനി കുളിർക്കാൻ.
കഴിഞ്ഞ പ്രളയത്തിൽ വീടൊലിച്ച
ഒരുകൂട്ടം നിരാലംബർ, സകുടുംബം
കൊടിയില്ലാമൗനജാഥപോലെ,
വീട്ടുപടിക്കലെ തലനാരുപോലുള്ള
വരമ്പിലൂടെ, കടന്നുപോകുന്നു.
സ്ഥലകാലബോധമില്ലാത്ത
കാലാവസ്ഥ, കഞ്ഞിക്കലത്തിൽ
തവിയിളക്കുമൊച്ചക്കിടയിലൂടെ,
വീണ്ടും അമ്മയുടെ പിറുപിറുക്കൽ.
---------------------
രാജീവ് ചുണ്ടമ്പറ്റ