കാക്കകൾക്കും ചിലത് പറയാനുണ്ട് .
.........................................
കത്തിക്കയറുന്ന വേനൽക്കൊടുംചൂടിൽ
ഇത്തിരി വെള്ളം അവൾക്കും കരുതും ഞാൻ
എന്നുമെന്നോടൊപ്പം മിണ്ടിപ്പറയുവാൻ
എത്തുന്ന കാക്കപ്പെണ്ണെൻ്റെ പ്രിയസഖി,
ആരും കൊതിക്കുന്നൊരീണമില്ലെങ്കിലും
നേരിയ രാഗങ്ങളവളുതിർക്കാറുണ്ട്
അവൾ മൂളും ഗാനങ്ങൾ സ്വജീവ സഹനത്തിൻ
നേർരേഖയാണെന്ന നേരറിയുന്നു ഞാൻ,
ഒരു ദിനമെന്നോട് ദീർഘമായ് ചൊന്നവൾ
തെരുതെരെ തൻ്റെ പരിഭവമിങ്ങനെ
ഞങ്ങളെപ്പഴിചാരും കള്ളക്കഥകളെ
നിങ്ങൾ പറഞ്ഞു രസിക്കുന്നു നിത്യവും,
കൊക്കാകുവാൻ ഞങ്ങൾ നിരതം കുളിച്ചെന്നും
കോകിലമാകുവാൻ പാടാൻ തുനിഞ്ഞെന്നും
അയ്യപ്പൻ്റെയമ്മ അലിവോടെ നൽകിയ
നെയ്യപ്പം കൊത്തിക്കടലിലുമിട്ടെന്നും,
ആരൊക്കെയോ അതു മുങ്ങിയെടുത്തെന്നും
അവരിൽ നിന്നാരോ തട്ടിപ്പറിച്ചെന്നും
ഇല്ലാക്കഥകൾ മെനഞ്ഞെടുത്തു നിങ്ങൾ
വല്ലാതെ പരിഹസിച്ചീടുന്നു ഞങ്ങളെ,
കുഞ്ഞിക്കൈകളിൽ നിന്നാഹാര ശകലങ്ങൾ
കൊത്തിയെടുത്തെങ്ങൾ കടന്നു പോകാറുണ്ട്
വിശപ്പിൻ്റെ വിളിയാലേ തളരുന്ന മക്കൾക്ക്
അശനത്തിനായെങ്ങൾ ചെയ്തു പോമങ്ങനെ
മാപ്പില്ലാത്തെറ്റാണെന്നറിയുന്നുണ്ടെങ്കിലും
മറ്റു വഴികൾ തെളിയാറില്ല മുന്നിൽ
പകരമായ് നിങ്ങൾ തൻ വീട്ടുപരിസരം
മികവോടെ ഞങ്ങൾ ശുചിയാക്കിടുന്നുണ്ട്,
ഞങ്ങളെക്കണ്ടാൽ കലി തുള്ളും നിങ്ങൾക്ക്
ഞങ്ങളെ വേണ്ട തൊരൊറ്റ ദിനം മാത്രം
കൈകൊട്ടി നിങ്ങൾ വിളിക്കുന്നതും കാത്ത്
കൈയ്യെത്തും ദൂരത്ത് ഞങ്ങളുണ്ടായിടും,
നമ്മൾ പരസ്പരം സ്നേഹവിശ്വാസങ്ങൾ
നൽകണം ജീവിതമുള്ള കാലം വരെ
നന്മയുണ്ടാകണം നിങ്ങൾക്ക് എക്കാലവും
നന്ദിപൂർവ്വം ഞങ്ങൾ ഒപ്പമുണ്ടായിടും ...