*മേലുകാവിൽ പെയ്യുന്ന മഴ*
മഴ പെയ്യുകയാണ്...
അകലെ മലകളിലും
അടുത്ത്
റബ്ബർ മരങ്ങളിലും
മുറ്റത്തെ പേരയിലും
വിടിന്റെ മേലെ
തകരപ്പാളികളിലും....
ദൂരെയും അടുത്തും
മരങ്ങളിലും ചില്ലകളിലും
വാഴകളിലും തട്ടി
ഇലകളെ തഴുകി തുളുമ്പി
ആർത്തലച്ച് വന്ന്
മണ്ണിൽ ചിതറി ഒഴുകുന്ന
ഒരുപാടു തുള്ളികൾ...
തിരക്കാണവയ്ക്ക്...
എവിടെയോ
കാത്തിരിക്കുന്ന
ആരുടെയൊ
അടുത്തെത്താൻ
വെമ്പുന്ന പോലെ...
മഴത്തുള്ളികൾക്കും
പ്രണയിക്കുന്ന
മനസ്സുകളുണ്ടാവുമോ...
പിരിഞ്ഞതിനപ്പുറം
വിരഹച്ചൂടിലുരുകുന്ന
കാമുകന്റെ
ഉയിരും ഉടലും
തണുപ്പിക്കാനാവുമോ
ഈ പാച്ചിൽ...
അതോ
അവർ വിട്ടു പോയ
മഴക്കുഞ്ഞുങ്ങൾ
ഉർവ്വിയുടെ മടിത്തട്ടിൽ
അവരെയോർത്തു
കരയുമ്പോൾ,
മാർവ്വിടം തുടിക്കുന്ന
വേപഥു കൊണ്ടോ
ഇത്ര ധൃതി...
ഒരുപക്ഷേ
വീട്ടിൽ തനിച്ചിരിക്കുന്ന
പ്രായം തികഞ്ഞ
മകളെക്കുറിച്ചുള്ള
വേവലാതിയാവാം
ഈ ത്സടുതിയുടെ
കാരണം...
മഴയത്തിറങ്ങി
നടന്നാലോ....
നിറുകിലൂടെ ഒലിച്ച്
മുടിതഴുകി,
മുഖം തലോടി
മാറിലൂടെ അലിഞ്ഞ്,
ഉടലു തണുപ്പിച്ച്...
അങ്ങനെ അവർക്ക്
എന്നിലൂടെ ഒഴുകാമല്ലോ...
തണുവിന്റെ ഉയിരായ
മഴത്തുള്ളികൾക്ക്
ഉടലിൽ നിന്ന്
ഒരിറ്റു ചൂടുനൽകി,
തിരക്കിൽ സ്വയം
നഷ്ടപ്പെടുന്ന
അവരെ അവർക്ക്
തിരിച്ചു നൽകി...
അങ്ങനെയങ്ങനെ...
ഈ മഴയിലൂടെ
ഞാൻ നടക്കട്ടെ...
(എബി കുറുമണ്ണ് 12/05/22)
ബാല്യം*
കനലുകൾ ചീറുന്ന കരളിലൊരു മഴ പെയ്ത പോലെ...
കനവിലൊരു നീർക്കുമിള ചിരിപൊട്ടി ഉടയുന്ന പോലെ...
നനവുള്ള മണ്ണിന്റെ ഗർഭത്തിലൊരുവിത്തു തരളമായ് നാമ്പിട്ട പോലെ...
മനസ്സിന്റെ പൂക്കാ മരത്തിലെ ചില്ലയിൽ ഒരു പൂ വിടരുന്ന പോലെ...
ചില്ലിട്ടടച്ചതാം ചിത്രങ്ങൾ ഉടയുന്ന ചില്ലുപോൽ പൊട്ടിച്ചിരിച്ച പോലെ...
ചില്ലുവളപൊട്ടിച്ചിതറുന്ന കൈത്തണ്ടിലൊരു കുഞ്ഞുനൊമ്പരം പോലെ...
ചിരിപൊട്ടിയുണരും ചിലങ്കകൾ തീർക്കുന്ന ലയതാള സുഖമെന്ന പോലെ...
ചിപ്പിതൻ നെഞ്ചകം കീറുന്ന നൊമ്പരം അഴകെഴും മുത്തായി മാറും പോലെ...
താഴിട്ടടച്ച വാതായനങ്ങൾ മുന്നിലാരോ തുറന്നിട്ട പോലെ...
ആതിരപ്പെണ്ണിന്റെ കൈപിടിച്ചെത്തുന്ന കുളിരുള്ള വനജ്യോത്സ്ന പോലെ...
മധുരമായ് മാവിന്റെ തളിരു തിന്നും കുയിൽപ്പെണ്ണിന്റെ കൂജനം പോലെ...
ചമ്പകത്തേൻ കുടിച്ചിടറുന്ന പദവുമായലയുന്ന കാറ്റലകൾ പോലെ...
ഒരു തുള്ളി മഴ വന്നു നിറുകയിൽ വീണെന്റെ മുടിയിഴകൾ തഴുകുന്ന പോലെ...
പുലരിയെ പുണരുന്ന നറുമഞ്ഞു പടലമെൻ കരളിനെ പൊതിയുന്ന പോലെ...
പിന്നിൽ പതുങ്ങിവന്നെൻ മിഴികൾരണ്ടും പൊത്തിച്ചിരിക്കുന്നു ബാല്യം...
സുഖദമാം ബാല്യം....
(എബി കുറുമണ്ണ്)