പ്രവാസിയുടെ വീട്
ഒരു കണ്ണിൽ
ഒരായിരം കണ്ണുകൾ
തുറന്നിട്ട്
കാത്തിരിക്കുന്നുണ്ട്
ഓരോ പ്രവാസിയുടെ
വീടും
ഓർമ്മകളുടെ
അസ്ഥിവാരം
അതിനെ
സുരക്ഷിതമാക്കുന്നുണ്ടെങ്കിലും
മൗനങ്ങളുടെ ജാലക കമ്പികളിൽ
ഉദിക്കാതെ പോകുന്നുണ്ട്
ചില കടങ്ങൾ
ആയുസിനെ
മരുക്കാറ്റ്
കരണ്ടുതിന്നുമ്പോഴും
സ്വപ്നങ്ങളിൽ നിന്നൊരു
പരിഭവം അടുക്കളയിൽ
ഉപ്പായോ
കടുകയോ
തിളപ്പിലേക്ക്
നാവു നീട്ടുന്നുണ്ട്
പലിശക്കാരൻ
ചിട്ടിക്കാരൻ
പത്രക്കാരൻ
മീൻകാരൻ
ബാങ്ക് മാനേജർ
ഇവരുടെയൊക്കെ
തുറിച്ച കൊമ്പുള്ള
നോട്ടങ്ങൾ ഭിത്തിയിലെ
കലണ്ടറിൽ
അമാവാസികളായി
അടയാളപ്പെടുന്നുണ്ട്
മരുഭൂമിക്കും
കടലിന്നുമിടയിൽ
അപ്പുപ്പൻ താടികൾ പോലെ
ഒഴുകി നടക്കുന്നുണ്ട് മേൽക്കൂരകൾ
കിടപ്പറയിൽ
ഒരു നദി
ലിപികളില്ലാത്ത ഭാഷയിൽ
കുമ്പസരിക്കുന്നുണ്ട്
വേരുകളിൽ
പൂവുകളുള്ള
ഒരു ജീവിതത്തെക്കുറിച്ച്
ഒരിക്കലും
പണിതീരാത്ത
വീടാണ്
മിത്രമെ
ഓരോ പ്രവാസവും!
പവിത്രൻ തീക്കുനി
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 24, 2023 | 120 | +42 | +53.9% |
September 09, 2021 | 78 | +47 | +151.7% |