Interested in kadha kavitha .
You tube channel ; Kadhayozhukkukal
വാനിൽ പറക്കുന്ന പെൺപട്ടമേ
നീയീ
വൻമരക്കൊമ്പിൽ കുടുങ്ങി കിടപ്പതെന്തേ?
മഞ്ഞനൂലിൽ കോർ-
ത്തൊരിത്തിരി പൊന്നിൽ നീ
ചിറകൊന്നു വിടർത്താൻ
മറന്നു പോയോ?
തത്തിക്കളിക്കണ അണ്ണാറച്ചെക്കൻ
ഓടട്ടെയെന്നോർത്തു കാത്തിരുന്നോ
മധുരമായ് പാടുന്ന കുയിൽമകൾ
തന്നുടെ
പേറെടുക്കട്ടെയെന്നോർത്തിരുന്നോ
ഓരോ മഴയിലും തളിരിട്ട പൂവുകൾ കായ്ക്കട്ടെ
കായ്ക്കട്ടെ എന്നിരുന്നോ
വേനൽകെടുതിയിലയ്യോ
പാവങ്ങൾക്ക് താങ്ങായി
തണലായി കൂട്ടിരുന്നോ
വസന്തം വാടുമ്പോൾ
ഇലകൾ കോഴിയുമ്പോൾ
മരത്തിലെ ചില്ലയിൽ
നീ വിരിഞ്ഞോ
കർമ്മബന്ധത്തിന്റെ
നൂലിഴയങ്ങനെ
വേരിലും ചുറ്റി മുറുകി നിന്നോ
എന്നോ പാടിയ പാട്ടിന്റെ ഈരടി
ഒറ്റയ്ക്ക് പാടിയതാരു
കേൾക്കാൻ
ആശതൻ വർണ്ണങ്ങൾ ഒരുമിച്ചു
ചേർത്തൊരാ കാണാച്ചിത്രങ്ങൾ
ആരുകാണാൻ
എല്ലാരുമുണ്ടെങ്കിലും
ആരുമില്ലാതെയീ കൊമ്പിന്റെ അറ്റത്ത്
ചാഞ്ഞിരുന്ന്
എല്ലാം കടമയും തീർത്തൊരുനാൾ
വർണ്ണപട്ടമായ് പാറേണം
എന്ന മോഹം
വയസ്സൊ നാല്പത്, നീരുവന്ന
കാലിനോ അറുപത്
ആകാശം തിരയുന്നരൊച്ചമാത്രം
അച്ഛനുമമ്മയും കൈപിടിച്ച
നൂലിനാൽ തൊട്ടും തൊടാതെയും
കണ്ട വാനം
മാരന്റെ കൈകളിൽ കച്ചോടം
ചെയ്തവർ
ചിറകിലും കുങ്കുമം ചാർത്തി വച്ചു
ഞാനൊന്നുമായില്ല, ഞാനൊന്നുമാവില്ല
ഞാനെന്ന എന്നെ
മറന്നുപോയ്