ഞാൻ
നിങ്ങൾ ഹൃദയത്തിൽ മുറിവേറ്റവനാണോ?
ഒറ്റപ്പെടലിന്റെ, അവഗണനയുടെ
പരിഹാസ്യതയുടെ പരിഛേദമാണോ
നിങ്ങളുടെ സ്വത്വം?
നിങ്ങൾ ഒരേ സമയം സനാഥനും അനാഥനും
ആക്കപ്പെടുന്നുണ്ടോ..?
നിങ്ങൾ പാതിരാത്രിയുടെ നിശബ്ദതയും
നക്ഷത്രങ്ങളുടെ വർണ്ണപ്പെരുക്കങ്ങളും
ആസ്വദിക്കാനാവാത്ത വിധം നിരാശനാണോ?
ഭൂമിയിലെ സകല വർണ്ണങ്ങളും
നിങ്ങളുടെ കൺമുന്നിലെത്തുമ്പോൾ
ഇരുട്ടായി വേഷപ്രഛന്നം ചെയ്യുന്നുണ്ടോ?
നിങ്ങളുടെ ഭൂതം തളർത്തിയ വർത്തമാനം
ആഴം കാണാകയത്തിലൂടെയാണോ
ഭാവിയിലേക്കിഴഞ്ഞെത്തുന്നത്?
എങ്കിൽ നിങ്ങൾ ഞാൻ തന്നെ
ഞാൻ എന്നോട് തന്നെയാണ് സംവദിക്കുന്നത്.
സിന്ധു കെ.വി.
നിസ്സഹായ
ലോകം അവസാനിക്കുന്നിടത്തെ
വീടായിരുന്നത്
വന്നു ചേരാൻ ആരുമില്ലാത്ത വീട്,
ആരേയും
കാത്തിരിക്കാനില്ലാത്ത വീട്,
ഭൂമിയുടെ ഇരുണ്ട കോണിൽ
ഒറ്റ തുരുത്തു പോലെ
ഏകാന്തമായ വീട്,
അമാവാസിയിലെ ഇരുട്ടുപോലെ
ദുസ്സഹമായ വിരസത
കൂടുകൂട്ടിയ വീട്
പേരിനു പോലും
വെളിച്ചമെന്തെന്നറിയാത്ത വീട്
ആ വീട്ടിലെ അടഞ്ഞ
ഒറ്റമുറി ചതുരത്തിൽ
ഉപേക്ഷിക്കപ്പെട്ട ശവപ്പെട്ടിയിലെ
ശവക്കച്ച നീങ്ങിയപ്പോൾ
വെളിപ്പെട്ട മുഖം,
അതെന്റേതായിരുന്നില്ലേ.... !
അമർത്തപ്പെട്ട നിലവിളി
അപ്പോഴും എന്റെ തൊണ്ടയിൽ പിടയുന്നുണ്ടായിരുന്നില്ലേ....!
സിന്ധു കെ.വി.
ജീവിത ചിത്രം
ചിതറിയ പലവർണ്ണങ്ങൾ,
ചിരിമായും ചിത്രങ്ങൾ,
നേരറിയാതിരശീലയിലെ
ഉൾനോവിൻ ചായങ്ങൾ.
പടരുമീനൊമ്പരത്തിൻ
ഇരുൾ മൂടും നിറക്കൂട്ടുകൾ.
വർണ്ണങ്ങൾ പടർന്നപോൽ,
തെളിയാവർണ്ണങ്ങൾ.
രൂപമില്ലാ ഭാവമില്ലാ
സ്വത്വമില്ലാ വർണ്ണങ്ങൾ.
വെറും വർണ്ണങ്ങളല്ലവ -
യെന്നുടെ
ജീവിതമാം ചിത്രങ്ങൾ,
വികൃതമാം ചിത്രങ്ങൾ.
കടും വർണ്ണങ്ങൾ പോലും
മങ്ങിപോവും മായാജാലം
തീർക്കുവതാരെന്നുടെ
ജീവിതമാം ക്യാൻവാസിൽ
പഴകി പൊടിഞ്ഞൊരീ -
ക്യാൻവാസിൽ.
സിന്ധു കെ.വി.