ചുരമിറങ്ങുന്നു ലോറീ ,ജനൽപ്പുറ-
-ക്കുളിരണിഞ്ഞന്നു ഞാനും നിശീഥവും
സ്വയമൊരുങ്ങീനിലാപ്പെണ്ണുനിൽക്കയായ് ,
വിലയതാപേശിയെങ്ങോ മറഞ്ഞുപോയ്
കരളു നോവുന്ന പാട്ടിതെങ്ങാണിതി
ന്നലയടിക്കുന്നു കാതിലായ് തന്നെയും.
കനവുകാണുന്നതാവാം നിനച്ചു ഞാൻ
കനിവുതേടുന്നതാവാം മനോരഥം
അകമെരിഞ്ഞുഞാൻകേൾക്കുന്നഗാനമി
ന്നകലെയായൊരാൾ മൂളുന്നതായിടാം
അതിരുകാണാത്ത ശ്യാമാംബരങ്ങളിൽ
സദിരു തീർക്കുന്ന ഗന്ധർവ്വനായിടാം
വനനിശാഗന്ധ വാഹകൻ തെന്നലോ
വനികളിൽ സദാ കേൾക്കുന്നതേങ്ങലോ
സ്വരമുണർത്തുന്നതാരീ വനാന്തരേ
ഇരവുമൂടിപ്പടർക്കും ദശാന്തരേ
ഒടുവിൽ ഞാനറിഞ്ഞൊരു കാട്ടു ചിന്തുമാ
യടവിയെന്നോടുമന്ത്രിച്ചിടുന്നതായ്
ഇവിടെയിപ്പാട്ടുകാലങ്ങളായി ഞാൻ
തഴുകി മുളുന്നു കേട്ടതില്ലാരുമേ
ഒഴുകി നീങ്ങുന്ന മേഘങ്ങളൊന്നുമേ
പരിഗണിച്ചില്ലയെന്റെ സന്ദേശമേ
ഒടുവിൽ നീയെത്തിയെൻപാട്ടുകേൾക്കുവാൻ ,
ഒടുവിലെന്നോടു സംവദിച്ചീടുവാൻ
ഇവിടെയിച്ചുരമുണ്ടായ നാൾ മുതൽ
കരയുമെന്നുമേ കേൾപ്പതില്ലാരുമേ
അവിടെയക്കരിന്തണ്ടന്റെ ചങ്ങല
കിലുകിലുക്കുന്ന നാണയച്ചേങ്ങില
ദിനവുമർപ്പിച്ചു പോകുന്ന വണ്ടികൾ
വിനിമയം ചെയ്ത നാണ്യ ഭാണ്ഡങ്ങളും
ഉടലു മൊത്തവും സാമ്രാജ്യവിസ്തൃതീ
തുടലു കെട്ടിയാരാജാക്കളൊന്നരാൾ
പടനയിച്ചു പണ്ടിതിലെക്കടക്കവേ
ക്കടലു ചൂഴുന്നൊരൂഴിയേ വെല്ലുവാൻ
സരള മാർഗ്ഗേ നയിച്ചോരു കാടനാം
കരിയുടൽത്തണ്ടനായോരു വീരനേ
ജനപദം കണ്ട മാത്രയിൽ കൊന്നു പോൽ
വനചരന്നെന്തു കാര്യം വിപണിയിൽ ?
ചുരമിതുണ്ടായ ചരിതവും പാടി ഞാ-
നനുഗമിച്ചവരജ്ഞർചമഞ്ഞുപോയ്
ചിലർ വെറും ബാധയെന്നേ മൊഴിഞ്ഞു പോയ്
പല മഹാമന്ത്രവാദം ചൊരിഞ്ഞു പോയ്
സമയമെത്രയോ പോയീ പഴങ്കഥ
ച്ചമയഭാണ്ഡമെന്നാൽ മുറുക്കട്ടെ ഞാൻ
ഇവിടെയെന്നുടേ കണ്ഠം മുറിച്ചു കൊണ്ടൊരു പൊടിച്ചോര ബാക്കി വയ്ക്കുന്നു ഞാൻ
പറയുവാൻ വന്ന കാര്യം മറന്നു പോയ്
പുലരുവാൻ തുച്ഛ നാഴിക ബാക്കിയായ്
വിടതരൂ സഖാ പാട്ടു നിർത്തുന്നു ഞാൻ
ഒടുവിലായ് പാടിയങ്ങേയ്ക്കു മാത്രമായ്
ഇവിടെയെൻ സ്വരനാളീ മുറിച്ചു കൊ
ണ്ടൊരു കടും ചോര ബാക്കിയാക്കുന്നു ഞാൻ .
ചുരമിറങ്ങുന്നു ലോറീ , ജനൽപ്പുറ
ത്തൊരു കരിവേഷമൊന്നൂ ഭയന്നു ഞാൻ
ഉടലുമൊത്തം വിറങ്ങലിച്ചോർത്തു പോയ്
ഒടുവിലാ സത്യമീ വനയാത്രയിൽ
പഴയൊരാണിയാൽബന്ധിതനായൊരാൾ
മലമടക്കിന്റെ ചങ്ങലക്കെട്ടിനാൽ
ഇഴയുമീലോകജാലക വഴിയിൽ ഞാൻ
തഴുകിയെന്തോ പറിച്ചെടുത്തെന്നതായ്
കുതുകമോടെന്റെ കൈപ്പിടിക്കുള്ളിലായ്
ഗതചരിത്രങ്ങൾ മുക്തമാകുന്നതായ്
പഴയിരുമ്പാണി പുഞ്ചിരിക്കുന്നതായ്
എഴുതി വെയ്ക്കാത്തൊരോലയെൻ തേങ്ങലായ്
പഴയിരുമ്പാണി പുഞ്ചിരിക്കുന്നതായ്
എഴുതി വെയ്ക്കാത്തൊരോലയെൻ തേങ്ങലായ്.
(മാനവ് വർമ്മ .പി.കെ)
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 17, 2023 | 156 | +1 | +0.7% |
November 13, 2022 | 155 | -1 | -0.7% |
September 01, 2022 | 156 | +3 | +2.0% |
July 26, 2022 | 153 | -1 | -0.7% |
June 19, 2022 | 154 | -1 | -0.7% |
May 13, 2022 | 155 | +1 | +0.7% |
April 04, 2022 | 154 | +5 | +3.4% |
February 06, 2022 | 149 | +3 | +2.1% |
December 30, 2021 | 146 | -1 | -0.7% |
November 22, 2021 | 147 | +8 | +5.8% |