ആ പെൺകുട്ടി ചിറകുവിരിച്ച് പറന്നുവത്രെ! കാണുന്ന കണ്ണുകളിലെല്ലാം അത്ഭുതം നിറച്ചുകൊണ്ട് അവൾ ആകാശംമുട്ടെ പറന്നുവത്രെ..
എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല.
കാരണം അവളുടെ കൈകൾക്കിടയിൽ ഒളിച്ചുവയ്ക്കപ്പെട്ട ചിറകുകളുണ്ടന്ന് എനിക്കറിയാമായിരുന്നു.
അവളുടെ കണ്ണുകളിൽ ഒരു കുഞ്ഞുനക്ഷത്രം ഉണ്ടെന്നും ഞാൻ മുൻപേ തിരിച്ചറിഞ്ഞിരുന്നു.കണ്ടുമുട്ടുന്ന ഓരോ മനുഷ്യരിലും തട്ടി പ്രതിഫലിക്കാൻ മാത്രം ശോഭയുള്ള പുഞ്ചിരി അവൾക്ക് എവിടെനിന്ന് കിട്ടിയെന്ന് ഞാൻ ഒരുപാട് ചിന്തിച്ചിട്ടുണ്ട്.അവളുടെ പാട്ടുകൾക്കായി കാതോർത്തിരിക്കുന്നവർ അവളെ വാനമ്പാടിയും കോകിലവുമൊക്കെയായി ഉപമിച്ചപ്പോഴും, അവളുടെ ബലമേറിയ ചിറകുകൾ ഒരു പരുന്തിനെ മാത്രമാണ് ഓർമിപ്പിച്ചത്.അവൾ പറന്നുയരട്ടെ.
കാരണം അവൾ സ്വപ്നം കണ്ടത് ചില്ലകളല്ല ആകാശമാണ്.
അതിനവൾക്ക് ചിറകുവിരിച്ചു പറന്നുയർന്നേ മതിയാവു.
ഇനിയും സ്വന്തം ചിറകുകൾ കണ്ടെത്താത്തവർക്ക് പ്രതീക്ഷയുടെ ഒരു നാളം തെളിയിച്ചുകൊണ്ട് അവൾ അവളുടെ ആകാശങ്ങൾ കീഴടക്കട്ടെ. ഒരുവേള ചില്ലകളിൽ വിശ്രമിക്കട്ടെ വീണ്ടും പറന്നുയരട്ടെ ✌🏻✌🏻✌🏻