തിരുവാലി on Clubhouse

തിരുവാലി Clubhouse
7 Members
Updated: Mar 23, 2024

Description

മലപ്പുറം ജില്ലയുടെ ഏകദേശം മധ്യഭാഗത്തായി മഞ്ചേരി മുന്‍സിപ്പാലിറ്റിയില്‍ നിന്ന് 10 കിലോമീറ്ററോളം അകലെ മഞ്ചേരി കാളികാവ് റോഡിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ഒരു ഏറനാടന്‍ കാര്‍ഷിക ഗ്രാമമാണ് തിരുവാലി. ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ ഉള്ളിലൊതുക്കുകയും, മൌനത്തിന്റെ മൂടുപടത്തില്‍ ഒതുങ്ങിക്കൂടകയും ചെയ്യുന്ന ഒരു ഗ്രാമ ഭൂമിയാണ് തിരുവാലി. ചുറ്റിലും മല നിരകള്‍ കാവല്‍ നില്‍ക്കുന്ന വയലും, തോപ്പും, കൈത്തോടും പ്രകൃതി രമണീയതയുടെ ആടയാഭരണങ്ങളായും വാരിയണിഞ്ഞു നില്‍ക്കുന്ന ഒരു ഭൂമിശാസ്ത്രമാണ് തിരുവാലിയുടേത്.

അമ്പലങ്ങളും, കാവുകളും, പള്ളികളുമെല്ലാം മണ്‍മറഞ്ഞു പോയ ഒരു തലമുറയുടെ സാംസ്കാരിക സ്മാരകങ്ങളായി ഇപ്പോഴും നിലനിന്നു പോരുന്നു. സാമൂതിരിയുടെയും, നിലമ്പൂര്‍ കോവിലകത്തിന്റെയും മറ്റും ഉടമസ്ഥാവകാശത്തിലായിരുന്ന ഇവിടത്തെ ഭൂമിയില്‍ വെട്ടിയും, കിളച്ചും, പണിയെടുത്തും, പട്ടിണി പങ്കുവെച്ചും കഴിഞ്ഞിരുന്ന ഒരു ഗതകാല ചരിത്രം തിരുവാലിക്കാര്‍ അയവിറക്കാനുണ്ട്.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ വണ്ടൂര്‍ ബ്ളോക്കിലാണ് തിരുവാലി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തിരുവാലി വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന തിരുവാലി ഗ്രാമപഞ്ചായത്തിനു 33.83 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മമ്പാട്, നിലമ്പൂര്‍, വണ്ടൂര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വണ്ടൂര്‍ പഞ്ചായത്തും, തെക്കുഭാഗത്ത് പോരൂര്‍, തൃക്കലങ്ങോട് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് എടവണ്ണ, തൃക്കലങ്ങോട് പഞ്ചായത്തുകളുമാണ്. തിരുവാലി ഗ്രാമപഞ്ചായത്തിനെ അതിന്റെ മധ്യഭാഗത്തു കൂടി ഒഴുകുന്ന നാലു കിലോമീറ്ററിലധികം നീളവും ശരാശരി പന്ത്രണ്ടു മീറ്റര്‍ വീതിയുമുള്ള ചെളിത്തോട് രണ്ടായി വിഭജിക്കുന്നു. പഞ്ചായത്തിലെ ഏക ജലസ്രോതസ്സും ഈ തോടുതന്നെ. അതുകൊണ്ടുതന്നെ മേഖലകളായി സൂചിപ്പിക്കുമ്പോള്‍ പഞ്ചായത്തിനെ തോടിന്റെ കിഴക്കന്‍ മേഖലയെന്നും, പടിഞ്ഞാറന്‍ മേഖലയെന്നും രണ്ടായി തിരിച്ചാണ് പറയാറ്. അങ്ങനെ നോക്കിയാല്‍ നടുവത്ത്, പുന്നപ്പാല എന്നീ പ്രദേശങ്ങള്‍ കിഴക്കന്‍ മേഖലയിലും തിരുവാലി, കുളക്കാട്ടിരി, പത്തിരിയാല്‍ പ്രദേശങ്ങള്‍ പടിഞ്ഞാറന്‍ മേഖലയിലും കിടക്കുന്നുവെന്നു പറയാം. 1963 വരെ പുന്നപ്പാല, തിരുവാലി എന്നീ രണ്ട് അംശങ്ങളായിരുന്ന ഭൂവിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വില്ലേജു പുനഃസംഘടനയുടെ ഭാഗമായി തിരുവാലി വില്ലേജ് രൂപീകരിച്ചു. തിരുവാലി എന്ന സ്ഥലനാമത്തെപ്പറ്റിയും ഇവിടെയുള്ള ശിവക്ഷേത്രവുമായി ബന്ധപ്പെടുത്തിയും ഒരു സാങ്കല്പിക കഥ പ്രചാരത്തിലുണ്ട്. വാനരരാജാവായ ബാലിയാണ് ഈ ക്ഷേത്രത്തിലെ ശിവലിംഗം പ്രതിഷ്ഠിച്ചതെന്നും അങ്ങനെ ബാലിയോടുള്ള ആദരസൂചികമായി തിരു-ബാലി എന്ന പേരുണ്ടാവുകയും ക്രമേണ അത് തിരുവാലി ആവുകയും ചെയ്തുവെന്നാണ് കഥ.

Charts

Some Club Members

More Clubs