.....എന്തോ... മൊഴിയുവാന്‍ ഉണ്ടാകുമീ
മഴക്കെന്നോട് മാത്രമായി,
ഏറെ സ്വകാര്യമായി....
സന്ധ്യതൊട്ടേവന്നു നിൽക്കുകയാണവൾ
എന്റെ ജനാലതന്നരികിൽ ഇളം
കുങ്കുമക്കാറ്റിന്റെ ചിറകിൽ
എന്തോ മൊഴിയുവാനുണ്ടാകുമീ
മഴയ്ക്കെന്നോടുമാത്രമായി
ഏറെ സ്വകാര്യമായി
പണ്ടുതൊട്ടേ എന്നോടിഷ്ടമാണെന്നാവാം
പാട്ടിൽ പ്രിയമെന്നുമാവാം
എന്നോ പഠിച്ചു മറന്ന രാഗങ്ങളെ
പിന്നെയുമോർമ്മിക്കയാവാം ആർദ്ര
മൗനവും വാചാലമാവാം
മുകിൽമുല്ല പൂക്കുന്ന മാനത്തെക്കുടിലിന്റെ
തളിർവാതിൽ ചാരി വരുമ്പോൾ
മറ്റാരും കണ്ടില്ലെന്നാവാം എനിക്കവൾ
ഇഷ്ടം തരാൻ വന്നതാവാം പ്രിയ
പ്പെട്ടവളെൻ ജീവനാകാം
എന്തോ മൊഴിയുവാനുണ്ടാകുമീ
മഴയ്ക്കെന്നോടുമാത്രമായി
ഏറെ സ്വകാര്യമായി
ഞാൻ തന്നെ മോഹിച്ചു വാഴുന്നോരീ മണ്ണിൽ
താനേ ലയിക്കുവാനാകാം
എൻ മാറിൽ കൈചേർത്തു ചേർന്നുറങ്ങാനാവാം
എന്റേതായ് തീരുവാനാകാം സ്വയം
എല്ലാം മറക്കുവാനാകാം
നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം
എത്രയോ രാവുകൾ മായാം
ഉറ്റവർ വന്നു വിളിച്ചാലുണരും നാം
മറ്റൊരു ജന്മത്തിലാവാം അന്നും
ഉറ്റവൾ നീതന്നെയാവാം അന്നും
മുറ്റത്തു പൂമഴയാവാം അന്നും